Saturday, 7 September 2013

കാമില്ലാ പാക്കര്‍! -- - -കഥ-കെ എ സോളമന്‍ -ജന്‍മഭൂമി


Photo: IKE ♠♠♠♠ → Sweetest Homes

കരള്‍വീക്ക രോഗം ചികിത്സിക്കാനുള്ള ദിവ്യൗഷധം കണ്ടുപിടിച്ചത്‌ വൈദ്യകലാനിധി കേശവന്‍ വൈദ്യരാണ്‌. ആയുര്‍വേദത്തിന്റെ താളിയോല ഗ്രന്ഥങ്ങള്‍ സമഗ്രമായി പരിശോധിച്ചതിന്‌ ശേഷമാണ്‌ ദിവ്യൗഷധക്കൂട്ട്‌ തയ്യാറാക്കിയത്‌. അരിഷ്ടമെന്നോ ആസവമെന്നോ പറയുന്നതിന്‌ പകരം ‘കാമില്ലാപാക്കര്‍’ എന്നാണ്‌ ഔഷധത്തിന്‌ വൈദ്യര്‍ പേരു നല്‍കിയത്‌. കാമില്ലാ പാക്കറുടെ ചേരുവ വൈദ്യര്‍ അല്ലാതെ ലോകത്ത്‌ മറ്റൊരാള്‍ക്കും അറിയില്ല. ഔഷധ ഫോര്‍മുല എഴുതിയ കുറിപ്പടി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മെയിന്‍ ബ്രാഞ്ച്‌ ലോക്കറിലാണ്‌ സൂക്ഷിക്കുന്നത്‌. ഇത്തരത്തിലൊരു ലോക്കര്‍ സംരക്ഷണമുള്ളത്‌ കൊക്കകോളയുടെ കോണ്‍സന്‍ട്രേറ്റിന്‌ മാത്രമാണ്‌. കൊക്കകോളയുടെ ഫോര്‍മുല ലോകത്ത്‌ നാലുപേര്‍ക്ക്‌ അറിവുണ്ടെങ്കില്‍ കാമില്ലാപാക്കറിന്റെ ഫോര്‍മുല കേശവന്‍ വൈദ്യര്‍ക്ക്‌ മാത്രമേ അറിയൂ. സ്വന്തം മകനുപോലും വൈദ്യര്‍ ഫോര്‍മുല പറഞ്ഞുകൊടുത്തിട്ടില്ല.

നാട്ടില്‍ ഏറെ കുടിയന്മാരുള്ളതും ഒട്ടുമിക്ക കുടിയന്മാര്‍ക്ക്‌ കരള്‍വീക്കമുള്ളതും വന്‍ ഡിമാന്റാണ്‌ കാമില്ലാപാക്കറിന്‌ നേടിക്കൊടുത്തത്‌. അരവണ ടിന്നിന്റെ വലിപ്പമുള്ള ഒരു പാക്കിന്‌ വില 3000 രൂപ. ഇങ്ങനെയൊരു മുന്തിയ വില കാമില്ലാപാക്കര്‍ കഴിഞ്ഞാല്‍ എയിഡ്സിന്റെ പ്രതിവിധിയായി ഇറക്കുന്ന ഒരു കൂതപ്പള്ളി പ്രോഡക്ടിന്‌ മാത്രമാണ്‌.

മരുന്നിന്‌ വന്‍ ഡിമാന്റായതോടെ ബിവറേജസ്‌ ഷോപ്പിന്‌ മുന്നില്‍ കാണുന്നതിനേക്കാള്‍ വന്‍തിരക്കാണ്‌ വൈദ്യശാലയില്‍.  ഔഷധത്തിന്റെ വര്‍ധിത ഡിമാന്റ്‌ കണക്കിലെടുത്ത്‌ വൈദ്യശാല മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയാക്കി വിപുലീകരിക്കുകയും 2000 പേര്‍ക്ക്‌ താമസിച്ചു ചികിത്സ നേടാനുമുള്ള സൗകര്യം ഏര്‍പ്പാടാക്കുകയും ചെയ്തു. ഇപ്പോള്‍ ഔഷധനിര്‍മ്മാണവും പാക്കിംഗും യന്ത്രവല്‍കൃത ഫാക്ടറിയിലാണ്‌.  ഡിസ്ട്രിബ്യൂഷനു മാത്രം 2 ഡസന്‍ ബി.ടെക്‌-എംബിഎക്കാരാണ്‌ മേല്‍നോട്ടം വഹിക്കുന്നത്‌.  പരസ്യം വെബ്സൈറ്റില്‍ അപ്ലോഡ്‌ ചെയ്തതോടെ വിദേശത്തുനിന്നും ഓര്‍ഡറുകള്‍ ഒത്തിരി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിദേശികള്‍ക്ക്‌ വൈദ്യരുപായി നേരിട്ട്‌ സംസാരിക്കാനുള്ള അവസരവുമുണ്ട്‌. ബ്രിട്ടണില്‍നിന്നാണ്‌ കൂടുതലും എന്‍ക്വയറി. അവിടത്തെ ഭാവിരാജാവിന്റെ രണ്ടാം ഭാര്യയുടെ പേരുമായി ഔഷധത്തിന്‌ സാമ്യതയുള്ളതുകൊണ്ടാണ്‌ കൂടുതല്‍ പേര്‍ അവിടെനിന്ന്‌ ഇതേക്കുറിച്ച്‌ അന്വേഷിക്കുന്നത്‌.

വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക്‌ ഫെയ്സ്ബുക്കിലൂടെയും ട്വിറ്റര്‍-മൈസ്പേസിലൂടെയും വിവരങ്ങള്‍ ശേഖരിക്കാം.
ഫേസ്ബുക്ക്‌/\കാമില്ലാപാക്കര്‍/ \കേശവന്‍ വൈദ്യര്‍ എന്നതാണ്‌ ഫേസ്ബുക്ക്‌ ടൈംലൈന്‍. ട്വിറ്റര്‍ സ്ലാഷ്‌ കാമില്ലാപാക്കര്‍ സ്ലാഷ്‌ കേശവന്‍ വൈദ്യര്‍ എന്ന അഡ്രസിലും ബന്ധപ്പെടാം.

രസകരമാണ്‌ കരള്‍ വിങ്ങിയവരുടെയും അവരുടെ ബന്ധുക്കളുടെയും ചോദ്യങ്ങള്‍. അതീവ ക്ഷമയോടെ എല്ലാറ്റിനും വൈദ്യര്‍ മറുപടി കൊടുക്കും. കരള്‍വീക്കം മാറാന്‍ കാമില്ലാപാക്കര്‍ എത്ര ഡപ്പി കഴിക്കണമെന്ന്‌ ചോദിച്ചതിന്‌ എത്ര വേണമെങ്കിലും കഴിക്കാമെന്നതായിരുന്നു മറുപടി. ഒരാള്‍ക്ക്‌ ജീവിതത്തില്‍ എത്ര മദ്യം കഴിക്കാമെന്ന് ചോദിച്ചാല്‍  എന്തു മറുപടിയാണ്‌ കൊടുക്കാന്‍പറ്റുക?

കള്ളുകുടിച്ച്‌ കരള്‍വീങ്ങിയവര്‍ക്കും വിസ്കി സിപ്പ്‌ ചെയ്ത്‌ സിറോസിസ്‌ ബാധിച്ചവര്‍ക്കും ഒരേ മരുന്ന്‌ തന്നെ മതിയോ എന്ന ഒരു ക്ലയിന്റിന്റെ ചോദ്യം കേട്ട്‌ വൈദ്യര്‍ കുലുങ്ങിച്ചിരിച്ചുപോയി.

ചിരിയുടെ ആഘാതത്തില്‍ വൈദ്യര്‍ ഹൃദയം സ്തംഭിച്ച്‌ മരിച്ചു. കലശലായ കരള്‍വീക്കമുള്ളവര്‍ കുലുങ്ങിച്ചിരിച്ചാല്‍ ഹൃദയസ്തംഭനമുണ്ടാകുമത്രേ!

കെ.എ. സോളമന്‍

No comments:

Post a Comment