ഇങ്ങനെയൊക്കെ നിയമമുണ്ടെന്ന് ആര്‍ക്കറിയാം. നിയമം നടപ്പിലാക്കേണ്ട
ഏമാന്‍മാര്‍പോലും തങ്ങള്‍ സസ്പന്‍റ് ചെയ്യപ്പെട്ടപ്പോഴാണ് നിയമം നിയമത്തിന്റെ വഴിക്കു
പോകുന്നകാര്യം മനസ്സിലാക്കിയത്. കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണം, കൂടുതല്‍
കഴിച്ചു ബോധം മറിഞ്ഞാല്‍ പണി പാളുന്നത് ബോധം കെട്ടവരുടേതല്ല,
എക്സൈസ് ഏമാന്‍മാരുടേതാണ്, പത്ത നംതിട്ടയിലാണ്സംഭവം.
പത്തനംതിട്ടയ്ക്കടുത്തുള്ള വാളകത്തും വഞ്ചിക്കോട്ടും പ്രത്യേകം
നിയമമാണ്. വാളകം സ്കൂളിലെ കുഞ്ഞുങ്ങളില്‍ നിന്നു അമിത ഫീസ് ഈടാക്കാത്തതി ന്റെ
പേരില്‍ ആ സ്കൂളിലെ പ്രധാന അധ്യാപികയെ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. മാനേജരെ ഏവരും
അറിയും, പൂജപ്പുര ഫെയിം ആര്‍ ബി പിള്ള. പിള്ളയും ടീച്ചറുടെ ഭര്‍ത്താവും തമ്മില്‍
ഒരു പാരയുടെ ഇടപാടുണ്ട്, അതിന്റെ കണക്കുതീര്‍ക്കലാണ് ടീച്ചറുടെ സസ്പെന്‍ഷന്‍ എന്നു
ടീച്ചറോടു ബന്ധപ്പെട്ടവര്‍ പറയുന്നു. ടീച്ചര്‍ കോടതിയില്‍ പോയി പിള്ളയ്ക്ക് ജയില്‍
ശിക്ഷവാങ്ങിക്കൊടുത്താലും പിള്ള മൂന്നാം നാള്‍ പുറത്തിറങ്ങും. ചവുട്ടിപ്പുറത്താക്കിയ
മകനെ ഒക്കത്തു കേറ്റി പുതിയ കസര്‍ത്ത് നടത്തുന്ന പിള്ളയുടെ മുന്‍ ചരിത്രം അതാണ്.
വഞ്ചിക്കോട്ടാകട്ടെ, ഒരു കൊച്ചാലുമ്മൂടുണ്ട്, അവിടെ ഒരു
കള്ളുഷാപ്പും. കള്ളുഷാപ്പ് എന്നു പറഞ്ഞുകൂടാ, ഫാമിലി റെസ്റ്റോറന്‍റ് ആണ്. നാട്ടിലെ
സകല ഷാപ്പിനും ഇപ്പോള്‍ “ഫാമിലി റെസ്റ്റോറന്‍റ്” എന്നെഴുതിയ മള്‍ട്ടിക്കളര്‍ ഫ്ലക്സ് ബോര്‍ഡാണുള്ളത്. കള്ളുഷാപ്പിന്റെ
പരസ്യബോര്‍ഡ് കറുപ്പിലും വെളുപ്പിലും ആകണമെന്ന് നിയമം എഴുതിയ ഉത്തരവ് എക്സൈസ് മന്ത്രിയുടെ ആപ്പീസില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നതാണ്, പക്ഷേ
എലികരണ്ടുപോയി.
എല്ലാ കള്ളുഷാപ്പുകളും നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍
ഷാപ്പുകള്‍ പതിവായി സന്ദര്‍ശിച്ചു മാസപ്പടി വരവുവെക്കുക എന്നപണി മാത്രമേ എക്സൈസ് ഏമാന്‍മാര്‍ക്കുള്ളൂ.
അതിനിടെ ഷാപ്പില്‍ എന്തുകുടിച്ചു, എത്രകൂടിച്ചു, ആരുകുടിച്ചു
എന്നൊന്നും നോക്കാന്‍ നേരമില്ല. വളരെ മര്യാദക്കാരായ ചില ഷാപ്പ്മുതലാളിമാര്‍ കൃത്യമായി
മാസപ്പടി വീട്ടില്‍ എത്തിക്കുന്ന സ്ഥലങ്ങളുമുണ്ട്.
കള്ളവാറ്റും വ്യാജമദ്യവും തടയാന്‍ എക്സൈസ് ഒഫ്ഫീസ്സര്‍മാര്‍ക്ക് ഇരട്ടക്കുഴല്‍ തുപ്പാക്കി
നല്‍കുമെന്നാണ് പണ്ട് പറഞ്ഞിരുന്നത്. പക്ഷേ തോക്ക് പണിതുകിട്ടാന്‍ താമസിക്കുന്നതുകൊണ്ടു
ആ പണി ചെയ്യേണ്ടതിന്റെ ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കൂടിയന്‍മാര്‍
അമിതമായി കുടിച്ചു കുഴഞ്ഞുവീണതിന് എക്സൈസിനെതിരെ നടപടി.
നാഷണല്‍ ഹൈവേ 47-നു ഇരുവശവും അനേകം തട്ടുകടകളും പെട്ടികടകളും
പുറമ്പോക്ക് കയ്യേറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെല്ലാം നല്ല കച്ചോടമുണ്ടെന്ന് എക്സൈസ്
മന്ത്രിക്കറിയില്ലെങ്കിലും എക്സൈസ് സ്റ്റാഫ്ഫിന് അറിയാം. കള്ളുഷാപ്പിലും, ബാറിലും, പെട്ടിക്കടയിലും കിട്ടുന്ന വ്യാജവും അല്ലാത്തതുമായ സാധനം കഴിച്ചു വഴിയരികില്‍
ബോധം കെട്ടു കിടക്കുന്ന ആളൊന്നുക്ക് ഒരു എക്സൈസ് ഉദ്യോഗസ്ഥനെ വെച്ചു സസ്പെന്‍റ് ചെയ്താല്‍
വകുപ്പില്‍ ആരും തന്നെ അവശേഷിക്കില്ല. സംശയമുണ്ടെങ്കില്‍ പരിശോധിച്ചു നോക്കാവുന്നതേയുള്ളൂ.
കൂടിയന്‍മാര്‍ സകലതും ദൈവത്തിങ്കല്‍ ഏല്‍പ്പിച്ചു സുഖസുഷുപ്തിയില്‍ പുറംപോക്കില്‍ ശയിക്കുന്നത് കൊണ്ടാണ് നാടിനെ “ ദൈവത്തിന്റെ
സ്വന്തം നാട് “ എന്നു വിളിക്കുന്നത്.
എ ഡി ജി പി ഋഷിരാജ്സിങിനെ ഗതാഗതകമ്മീഷണറായി നിയമിച്ചത് സോഷ്യല്‍മീഡിയായില്‍
ആഘോഷിക്കുകയാണ് ന്യുജെനറേഷന്‍. സിങിനെ വേണ്ടെന്ന് പറഞ്ഞ ആര്യാടന്‍റെ ഗ്രാഫ് താഴോട്ട്
പോയെങ്കിലും മുഖ്യമന്ത്രി യുടെ ഗ്രാഫ് നന്നായി ഉയര്‍ന്നു. സിങ്ങിനു എക്സൈസ് കമ്മീഷണറുടെ
അധികചുമതല്‍ കൊടുക്കണമെന്ന ആവശ്യവും ശക്തമായുണ്ട്. സിംഗ് എക്സൈസ് കമ്മീഷണര്‍ ആകുന്ന
പക്ഷം നടുറോഡില്‍ കുഴഞ്ഞാടുന്നവരുടെയും പീടികത്തിണ്ണയില്‍ വിവസ്ത്രരാകുന്നവരുടെയും
എണ്ണം കുറയും. പക്ഷേ പ്രവര്‍ത്തനാഫണ്ട് നഷ്ടമാക്കുന്ന
ഈ നടപടിക്കു സര്ക്കാര്‍ തയ്യാറാകുമോ എന്നതാണു
പ്രസക്തമായ ചോദ്യം.
കെ എ സോളമന്‍
Janmabhumi Published on 13-6-13
No comments:
Post a Comment