#അന്തരീക്ഷത്തിൽ #ചെന്താമര.
വൈകിയാണെങ്കിലും കേരള സർക്കാർ ആരംഭിച്ച ഡി - ഹണ്ട് എന്ന മയക്കു മരുന്ന് വേട്ട നിർണായകമായ മുന്നേറ്റം നടത്തിയിരിക്കുന്നു' ഏതാനും ദിവസം കൊണ്ടാണ് 153 കിലോ കഞ്ചാവും 1 .3 കിലോഗ്രം എം ഡി എം എയും കണ്ടെത്തി പ്രതികളെ പിടി കൂടിയത്.
പ്രതിചേർക്കപ്പെട്ടവരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും നേതാക്കളുടെ ബന്ധുക്കളും ഉണ്ട്. നിയമക്കുരിക്കിൽ നിന്ന് സ്വന്തക്കാരെ രക്ഷിച്ചെടുക്കാൻ പാർട്ടി നേതാക്കൾ ഇടപെടുമെങ്കിലും പോലീസും എക്സൈസും ചെയ്ത വലിയ സേവനമാണ് ഡി- ഹണ്ടിലൂടെ നാം കാണുന്നത്.
തലമുറയെ രക്ഷിച്ചെടുക്കാനുള്ള ഈ ഉദ്യമത്തിന് ജനങ്ങളുടെ പൂർണ്ണ സഹകരണമാണ് പോലീസിനും എക്സൈസിനും നൽകേണ്ടത്. ഡി-ഹണ്ട് പരാജയപ്പെട്ടാൽ അതുമൂലം സംസ്ഥാനത്തിനുണ്ടാകുന്നത് കനത്ത നഷ്ടമാകും.
അതിനിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മയക്ക് മരുന്ന് വേട്ടയുടെ പശ്ചാത്തലത്തിൽ കള്ളിനെയും കഞ്ചാവിനെയും
പ്രോത്സാഹിപ്പിക്കാൻ ചില തുരപ്പന്മാർ രംഗത്തെത്തിയിട്ടുണ്ട്. കള്ളും കഞ്ചാവും പ്രകൃതിദത്തമാണെന്നും അതുകൊണ്ട് ദോഷമില്ലെന്നും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു.
കള്ളും കഞ്ചാവുമടിച്ച് ക്ലാസ് മുറിയിൽ മേലോട്ടു നോക്കിയിരുന്ന് വെള്ളി മേഘത്തിൽ തേരോടിക്കുന്ന വിദ്യാർത്ഥികളെയാണ് നമുക്ക് ആവശ്യം എന്നവർ വാദിച്ചേക്കാം. ഇത്തരം സാമൂഹ്യവിരുദ്ധരെ പടിയടച്ച് പിണ്ഡംവയ്ക്കണം.
വലിയ വിഷണറിയായ എസ് എൽ പുരം സദാനന്ദൻ 40 വർഷം മുമ്പ് അദ്ദേഹത്തിൻറെ പ്രശസ്ത നാടകം കാട്ടുകുതിരയിലൂടെ കഞ്ചാവിനെ കുറിച്ച് പരാമർശിക്കുന്നത് ഓർക്കുക.
സ്വന്തം കോളേജിലെ വിദ്യാർത്ഥികളിൽ നിന്ന് കേൾക്കുന്നതും അദ്ദേഹം തിരികെ പറയുന്നതുമായ ഡയലോഗ്: "അന്തരീക്ഷത്തിൽ ചെന്താമര, വെണ്ടുരുത്തിയിൽ കുന്തിരിക്കം "
അന്തരീക്ഷത്തിൽ ചെന്താമര വിരിയിക്കാൻ നടക്കുന്നവരാണ് കഞ്ചാവിന്റെ പ്രോക്താക്കൾ. അവർ പറയും "മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണമില്ല, കേരളത്തിലെന്തിനു കഞ്ചാവിന് നിയന്ത്രണം?" എന്ന്. ഇക്കൂട്ടരെ തിരിച്ചറിഞ്ഞു മാറ്റി നിർത്തേണ്ടത് സമൂഹത്തിൻ്റെ ആവശ്യമാണ്. അതിനുവേണ്ടിയാകണം സമാന്യജനങ്ങളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ.
No comments:
Post a Comment