Sunday, 16 March 2025

പുസ്തക പ്രകാശനം - കഥ

#പുസ്തക #പ്രകാശനം - കഥ
പണ്ടുകാലങ്ങളിൽ വളരെയേറെ കഷ്ടപ്പെട്ടാണ് എഴുത്തുകാർ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരെ കിട്ടാത്തതിൻ്റെ പേരിൽ സർഗവൈദഗ്ധ്യം പരണത്തു കയറ്റിയവരാണ് കൂടുതൽ പേരും.

100 പേജുള്ള പുസ്തകത്തിൻ്റെ 500 കോപ്പി 35000 രൂപ മുടക്കി പബ്ളിഷു ചെയ്താൽ, വിറ്റു കിട്ടുന്നപണം പബ്ളിഷർ എടുക്കുന്നതല്ലാതെ അഞ്ചു പൈസ എഴുത്തുകാരന് തിരികെ കിട്ടാത്ത അവസ്ഥയാണ് എവിടെയും. ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നവർക്ക് വാങ്ങിക്കൊടുക്കുന്ന വാഴയ്ക്കാപ്പത്തിൻ്റെയും ചായയുടേയും കാശ് വേറെയും നഷ്ടം.

അതിനിടെയാണ് പുസ്തക പ്രകാശനത്തിനുമുമ്പ് കവർ പ്രകാശനം എന്ന നൂതന സാങ്കേതികവിദ്യ കണ്ടു പിടിക്കപ്പെട്ടത്.  വരാനിരിക്കുന്ന ചവറ് ഗംഭീര സാധനമെന്ന നിലയിലാണ് കവർ പ്രകാശനം ചെയ്യുന്നത്. 

ഒരു നോവൽ വിഷമിച്ച് ഇറക്കിയിരുന്നവർ ഇപ്പോൾ ഒരേ സമയം രണ്ടു നോവൽ വെച്ചാണ് ഇറക്കുന്നത്.  ഇതിനു മാത്രം പണം ഇവർക്ക് എവിടെ നിന്നു കിട്ടുന്നു? എല്ലാം ഒരു സംതൃപ്തിക്കു വേണ്ടി. 

താൻ ഒരു സംഭവമാണെന്ന് ഇതൊക്കെ വായിക്കുന്നവർ അറിയണം. അല്ലെങ്കിൽ എന്തിനാണ് 5000 രൂപ ഒരു തോട്ടപ്പള്ളി ഏജൻ്റിന് കൊടുത്ത് ഡൽഹിയിൽ പോയി ഭീംറാവു അംബദ്കർ പുരസ്കാരം വാങ്ങുന്നത്? ആദ്യം 5000 മുടക്കിയവന് അടുത്ത വർഷവും പുരസ്കാരം വേണമെങ്കിൽ 3000 കൊടുത്താൽ മതി. 

ഇത്തരം ഒരു പുരസ്കാരം കയ്യിൽ കിട്ടിയവനെ ഷാൾ പുതപ്പിക്കാൻ  നൂറുകണക്കിന് സാംസ്കാരിക ട്രൂപ്പുകൾ ചുറ്റുവട്ടത്ത് ഉണ്ടെന്നുതു കൂടുതൽ പേരെ  ഈ രംഗത്തേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്.

അംബദ്കാർ പുരസ്കാരവും കഴിഞ്ഞ് ഇപ്പോൾ ഓണററി ഡോക്ടറേറ്റിന്റെ കാലമാണ്. മുപ്പതിനായിരം രൂപയ്ക്ക് അടുത്ത് കൊടുത്താൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ഫോർമാറ്റിൽ ലഭിക്കും. യഥാർത്ഥ ഡൽഹി യൂണിവേഴ്സിറ്റി ഇത് അറിഞ്ഞിരിക്കണമെന്നില്ല. 

 ഇനി ഡൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് വേണ്ട പുറത്തുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി, സോക്രട്ടീസ് യൂണിവേഴ്സിറ്റി എന്നിവയുടെ ഓണററി ഡോക്ടറെറ്റാണു വേണ്ടതെങ്കിൽ അതും കിട്ടും. ചെലവ് ചെറുതായൊന്ന് വ്യത്യാസപ്പെടും.

ഡോക്ടറേറ്റ് ഡിഗ്രി പോസ്റ്റുവഴി ലഭിച്ചാൽ തന്നെ എഴുത്തുകാരനെ/എഴുത്തുകാരിയെ ഡോക്ടർ എന്ന് നാട്ടുകാരെക്കൊണ്ട് വിളിപ്പിക്കാനുള്ള ശ്രമമാണ് കഠിനം. ആരുടെയും ഉയർച്ചയിൽ പ്രത്യേകതാല്പര്യമെടുക്കാത്ത  ജനം ഇക്കൂട്ടറെ ഡോക്ടർ എന്ന് വിളിക്കില്ല - തുടർന്ന് ഇത് സംബന്ധിച്ചുള്ള തർക്കവും സംഘടനവും ആണ് നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലും.

പുസ്തക പ്രകാശനചടങ്ങിൽ പുസ്തകം റിലീസു ചെയ്യുന്ന ആളും അതുസ്വീകരിക്കുന്ന ആളും ഒരുപോലെ പ്രശസ്തരാകും എന്ന വിശ്വാസവുമുണ്ട്. പുസ്തകം സ്വീകരിക്കുന്ന ആൾ  പുസ്തക രചയിതാവിൻ്റെ ഭാര്യയാണങ്കിൽ അതിൻ്റെ ക്രെഡിറ്റ് പറയാനുമില്ല

വിവാഹം കഴിക്കാൻ, ആരെ തെരഞ്ഞെടുക്കണം എന്നതിന് പാച്ചു , കോവാലനോടു പറയുന്ന ഒരു ഡയലോഗുണ്ട്.

മൂന്നു യുവതികളാണുള്ളത്. ഒന്നാമത്തവൾ ടെലഫോൺ ഒപ്പറേറ്റർ, രണ്ടാമത്തേത്  ബാർ ടെൻ്റർ, മൂന്നാമത്തേത് ടീച്ചർ.

" നീ 5 മിനിട്ടിൽ കൂടുതൽ എടുത്താൽ ഭാര്യ പറയും ഫൈവ് മിനിട്ട്സ് ഓവർ, ഡിസ്കണക്ട്, ഡിസ്കണക്ട് എന്ന്. നിനക്ക് അഞ്ചു മിനിറ്റ് മതിയാകുമോ. "

" നീ താമസിച്ചെത്തിയാൽ ബാർ ടെൻ്റർ പറയും , ബാർ ഈസ് ക്ലോസ്ഡ്, നോ അഡ്മിഷൻ, നോ അഡ്മിഷൻ. നിനക്ക് നേരത്തെ വീട്ടിലെത്താൻ കഴിയുമോ "

" നിൻ്റെ ഭാര്യ ടീച്ചർ ആണെങ്കിൽ നീ തെറ്റു വരുത്തിയാൻ പറയും, സാരമില്ല, തെറ്റ് ആർക്കും സംഭവിക്കാം തിരുത്തിയെഴുതു, തിരുത്തിയെഴുതു എന്ന്. അപ്പോൾ നിനക്ക് ആരെ വേണം ഭാര്യയായി?"

" എനിക്കു  ടീച്ചർ മതിയേ" കോവാലൻ.

പ്രശസ്ത കാർട്ടൂണിസ്റ്റ് പി.കെ മന്ത്രിയുടെ മാനസപുത്രർ ആണു പാച്ചുവും കോവാലനും.

ഭാര്യ ടീച്ചറാണെങ്കിൽ എന്തും അനുസരിച്ചുകൊള്ളും. തെറ്റ് തിരുത്തി കൊടുക്കാൻ ഒരിക്കലും മടി കാണിക്കുകയുമില്ല

ഇവിടെ സമീപ പ്രദേശത്ത് നടന്ന ഒരു  പുസ്തക പ്രകാശന ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങിയത് എഴുത്തുകാരൻ്റെ  സ്‌കൂൾ ടീച്ചറായ ഭാര്യയാണ്.  പുസ്തകവുമായി ഗ്രന്ഥകാരൻ വീട്ടിലേക്കല്ലേ ചെല്ലുന്നത് അപ്പോൾ സ്വീകരിച്ചാൽ പോരെ എന്നു ചോദിച്ചാൽ അതിനൊരു ഗുമ്മില്ല '

അധ്യാപികമാരായ ഭാര്യമാർ പാവങ്ങൾ, അവർ എന്തെല്ലാം സഹിക്കണം.
കെ. എ സോളമൻ

                           *  *  *

Saturday, 15 March 2025

അന്തരീക്ഷത്തിൽ ചെന്താമര

#അന്തരീക്ഷത്തിൽ #ചെന്താമര.
വൈകിയാണെങ്കിലും കേരള സർക്കാർ ആരംഭിച്ച  ഡി - ഹണ്ട്  എന്ന മയക്കു മരുന്ന് വേട്ട നിർണായകമായ മുന്നേറ്റം നടത്തിയിരിക്കുന്നു' ഏതാനും ദിവസം കൊണ്ടാണ് 153 കിലോ കഞ്ചാവും 1 .3 കിലോഗ്രം എം ഡി എം എയും കണ്ടെത്തി പ്രതികളെ പിടി കൂടിയത്. 

പ്രതിചേർക്കപ്പെട്ടവരിൽ  വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും നേതാക്കളുടെ ബന്ധുക്കളും ഉണ്ട്. നിയമക്കുരിക്കിൽ നിന്ന് സ്വന്തക്കാരെ രക്ഷിച്ചെടുക്കാൻ പാർട്ടി നേതാക്കൾ ഇടപെടുമെങ്കിലും  പോലീസും എക്സൈസും ചെയ്ത വലിയ സേവനമാണ് ഡി- ഹണ്ടിലൂടെ നാം കാണുന്നത്.

തലമുറയെ രക്ഷിച്ചെടുക്കാനുള്ള ഈ ഉദ്യമത്തിന് ജനങ്ങളുടെ പൂർണ്ണ സഹകരണമാണ് പോലീസിനും  എക്സൈസിനും നൽകേണ്ടത്. ഡി-ഹണ്ട് പരാജയപ്പെട്ടാൽ അതുമൂലം സംസ്ഥാനത്തിനുണ്ടാകുന്നത് കനത്ത നഷ്ടമാകും.

അതിനിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മയക്ക് മരുന്ന് വേട്ടയുടെ പശ്ചാത്തലത്തിൽ കള്ളിനെയും കഞ്ചാവിനെയും
പ്രോത്സാഹിപ്പിക്കാൻ ചില തുരപ്പന്മാർ രംഗത്തെത്തിയിട്ടുണ്ട്. കള്ളും കഞ്ചാവും പ്രകൃതിദത്തമാണെന്നും അതുകൊണ്ട് ദോഷമില്ലെന്നും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. 

കള്ളും കഞ്ചാവുമടിച്ച് ക്ലാസ് മുറിയിൽ മേലോട്ടു നോക്കിയിരുന്ന് വെള്ളി മേഘത്തിൽ തേരോടിക്കുന്ന വിദ്യാർത്ഥികളെയാണ് നമുക്ക് ആവശ്യം എന്നവർ വാദിച്ചേക്കാം. ഇത്തരം സാമൂഹ്യവിരുദ്ധരെ പടിയടച്ച് പിണ്ഡംവയ്ക്കണം.

വലിയ വിഷണറിയായ എസ് എൽ പുരം  സദാനന്ദൻ 40 വർഷം മുമ്പ് അദ്ദേഹത്തിൻറെ പ്രശസ്ത നാടകം കാട്ടുകുതിരയിലൂടെ കഞ്ചാവിനെ കുറിച്ച്  പരാമർശിക്കുന്നത് ഓർക്കുക.
സ്വന്തം കോളേജിലെ വിദ്യാർത്ഥികളിൽ നിന്ന് കേൾക്കുന്നതും അദ്ദേഹം തിരികെ പറയുന്നതുമായ ഡയലോഗ്: "അന്തരീക്ഷത്തിൽ ചെന്താമര, വെണ്ടുരുത്തിയിൽ കുന്തിരിക്കം " 

അന്തരീക്ഷത്തിൽ ചെന്താമര വിരിയിക്കാൻ നടക്കുന്നവരാണ് കഞ്ചാവിന്റെ പ്രോക്താക്കൾ. അവർ പറയും "മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണമില്ല, കേരളത്തിലെന്തിനു കഞ്ചാവിന് നിയന്ത്രണം?" എന്ന്. ഇക്കൂട്ടരെ തിരിച്ചറിഞ്ഞു മാറ്റി നിർത്തേണ്ടത് സമൂഹത്തിൻ്റെ ആവശ്യമാണ്. അതിനുവേണ്ടിയാകണം സമാന്യജനങ്ങളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ.
- കെ എ സോളമൻ

Thursday, 6 March 2025

സ്നേഹത്തിൻറെ നിശബ്ദത

#സ്നേഹത്തിന്റെ #നിശബ്ദത. 
എം.കെ. ലളിതാംബികയുടെ വിയോഗം മകൻ സബ്ജിയുടെ ജീവിതത്തിൽ നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. കഴിവുകളും പരിശ്രമങ്ങളും സാബ്ജിയെ ഒരു മികച്ച വ്യക്തിയാക്കി മാറ്റിയെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചത് അദ്ദേഹത്തിൻറെ അമ്മ ലളിതാംബികയാണ്. 

ലളിതാംബിക വെറുമൊരു അമ്മ മാത്രമായിരുന്നില്ല, സബ്ജിയുടെ ജീവിതത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു, പ്രത്യേകിച്ച് രോഗം അവരെ കട്ടിലിൽ ഒതുക്കിയപ്പോൾ പോലും. അവരുടെ ചലനമില്ലായ്മ ഇരുവർക്കും ഒരു വെല്ലുവിളിയായിരുന്നു, പക്ഷേ അവർക്ക് ആശ്വാസം നൽകാനുള്ള തീവ്രശ്രമത്തിലായിരുന്നു മകൻ. അചഞ്ചലമായ സ്നേഹവും സമർപ്പണവും കൊണ്ട് അവരുടെ പരിമിതമായ ആവശ്യങ്ങൾ അദ്ദേഹം നിറവേറ്റി.

 എഴുത്തുകാരൻ, വാഗ്മി, കാർട്ടൂണിസ്റ്റ്, പബ്ളിഷർ, ഗോസ്റ്റ് റൈറ്റർ സിനിമാറ്റോഗ്രാഫർ, ആലോചന സാംസ്കാരിക കേന്ദ്രം സെക്രട്ടറി എന്നീ നിലകളിൽ നിരവധി ജോലികൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹം തന്റെ അമ്മയ്ക്കു വേണ്ടി സമർപ്പിതനായി തുടർന്നു. അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തുകയും തന്റെ ജോലികൾ ശ്രദ്ധാപൂർവ്വം സന്തുലിതമാക്കുകയും ചെയ്തു. 

കഴിഞ്ഞ ആറ് മാസമായി, അമ്മയ്ക്കായി കൂടുതൽ സമയം ചെലവഴിച്ചപ്പോൾ തന്റെ ലോകം ചെറുതായിപ്പോയെന്ന് തോന്നിയെങ്കിലും, തന്റെ അറിവിന്റെ സങ്കേതമായ സർവോദയ ലൈബ്രറി സന്ദർശിക്കാൻ സബ്ജിക്ക് എപ്പോഴും കഴിഞ്ഞു.
 കിടപ്പിലായ അമ്മ തന്റെ മകൻ ലൈബ്രറിയിൽ നിന്ന് തിരികെ എത്തുന്നതും പ്രതീക്ഷിച്ചു എന്നും കാത്തിരുന്നു. 

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം ഹൃദയം സാബ്ജിയെ വീട്ടിലേക്ക് തന്നെ പിന്തിരിപ്പിച്ചിരുന്നു. ഒരു നിശബ്ദ സ്നേഹത്തിൻ്റെ ആവർത്തന  ചടങ്ങായിരുന്നു അത്. ക്ഷീണിതയായി കട്ടിലിൽ കിടക്കുമ്പോൾ പോലും അമ്മ, മകൻ്റെ കാൽ പെരുമാറ്റത്തിനായി കാത്തിരിന്നു, സാബ്ജി ലൈബ്രറി സന്ദർശനങ്ങൾ ചുരുക്കി. 

ഒരു അമ്മയുടെയും മകൻ്റെയും ഇടയിൽ നിലനിന്നിരുന്ന ആഴത്തിലുള്ള സ്നേഹവും കരുതലും സാബ്ജിയുടെ സുഹൃത്തുക്കളായ ഞങ്ങൾക്കു മനസ്സിലാകുമായിരുന്നു.

പക്ഷെ ഇന്ന് (6 മാർച്ച് 2025) അവർ മകനെ വിട്ടു യാത്രയായി, തിരികെ ഒരുവരവ് ഇല്ലാത്ത യാത്ര. 

അമ്മയുടെ വേർപാടോടെ, സബ്ജി ഒരു പുതിയ യാഥാർത്ഥ്യത്തെ നേരിടേണ്ടി വന്നിരിക്കുന്നു - പരിചിതമായ ഒരു കാത്തിരിപ്പ് ഇല്ലാതാകുന്ന സാഹചര്യം.

സാബ്ജി അനുഭവിക്കുന്ന ദുഃഖം അദ്ദേഹത്തിന്റെ  ജീവിതാനുഭവങ്ങൾക്ക് പോലും പരിഹരിക്കാൻ കഴിയാത്ത ഒന്നാണ്. അമ്മയുടെ സാന്നിധ്യമില്ലാത്ത വീട്ടിലെ നിശബ്ദത കാതടപ്പിക്കുന്നതായിരിക്കും, അമ്മ ഇനി സാബ്ജിയെ കാത്തിരിക്കാൻ ആ വീട്ടിൽ ഇല്ല എങ്കിലും, അവരുടെ ഓർമ്മകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നും നിറഞ്ഞുനിൽക്കും.

 "മരണപ്പെട്ടരുടെ ജീവിതം ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലാണ്" എന്ന വാക്കുകൾ സത്യമായി ഇവിടെ മുഴങ്ങുന്നു, സാബ്ജി തന്റെ അമ്മയെ എന്നെന്നേക്കുമായി ഹൃദയത്തിൽ വഹിക്കുന്നു.

 അദ്ദേഹത്തിന്റെ ദിവസങ്ങൾക്ക് ഇനിമുതൽ കൂടുതൽ ഏകാന്തത അനുഭവപ്പെട്ടേക്കാം, എങ്കിലും അമ്മയുടെ ജീവിതാവസന കാലത്ത് അദ്ദേഹം പഠിച്ച സ്നേഹത്തിന്റെയും കരുതലിന്റെയും ത്യാഗത്തിന്റെയും പാഠങ്ങൾ എന്നും നിലനിൽക്കും, അവ അദ്ദേഹത്തെ മുന്നോട്ട് നയിക്കും. 

സാബ്ജിയുടെ ഓർമ്മകളിൽ മാത്രമല്ല, എഴുതുന്ന ഓരോ വാക്കിലും, പറയുന്ന ഓരോ കഥയിലും, തന്റെ കൃതിയിലൂടെ സ്പർശിക്കുന്ന ഓരോ ജീവിതത്തിലും അദ്ദേഹത്തിന്റെ അമ്മ ജീവിക്കുക തന്നെ ചെയ്യും.
"A mother's hug lasts long after she lets go". 

 -കെ എ സോളമാൻ