Monday, 13 January 2025

ചെക്ക് ബുക്ക് -കഥ

#ചെക്ക്ബുക്ക്. - കഥ
കെ എ സോളമൻ
ഈ കുറിപ്പ് ആരെയും അധിക്ഷേപിക്കാനോ  അപായപെടുത്താനോ അല്ല, അനുഭവം പങ്കുവെയ്ക്കലാണ്.

പെൻഷൻ വാങ്ങാൻ ഇന്നു ട്രഷറിയിൽ പോയിരുന്നു. ഏതു ട്രഷറിയെന്ന് ചോദിക്കരുത്.

മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ കാലത്ത്  ട്രഷറി അലങ്കരിച്ചിരുന്ന ഏഴുതിരിയിട്ട നിലവിളക്കും, ഫ്ളവർ ബേസും  ഫോർ ചാനൽ മ്യൂസിക്കും പോലുള്ള ലക്ഷ്വറികൾ ഒന്നും തന്നെ അവിടെങ്ങും കണ്ടില്ല. പ്രമേഹക്കാരും വെർട്ടിഗോ ബാധിച്ചവരും ബി പി കയറ്റമുള്ളവരുമായ പെൻഷൻകാർക്ക് ഇരിക്കാൻ ഇട്ടിരുന്ന ചാരുകസേരകളിൽ ചിലതു  ഒടിഞ്ഞു പോയതിനാൽ അവ ഭിത്തിയോട് ചേർത്ത് മടക്കി വെച്ചിരിക്കുന്നതുകാണാം. ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ, നിന്നാൽ  ഉടൻ വീഴും എന്ന തോന്നലുള്ളവർ പോലും   ഭിത്തിയിൽ പിടിച്ചു നിൽക്കുകയായിരുന്നു അവിടെ.

എനിക്ക്  ഈമാസ പെൻഷൻ വാങ്ങുക മാത്രമല്ല തുടർ മാസങ്ങളിൽ ആവശ്യമായി വരുന്ന  ചെക്ക് ബുക്ക് വാങ്ങുകയും വേണം.

ചെക്ക്ബുക്കും ലീഫും ഹൈടെക് ബാങ്കുകളുടേതു  പോലെ ട്രഷറിയിലും മനോഹരമാണ്.  ചെക്കു ബുക്കിനുള്ള റിക്വസ്റ്റ് വളരെ ചെറിയ അക്ഷരത്തിൽ പ്രിൻറ് ചെയ്ത് ചെക്ക് ബുക്കിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്നു. അതിൻ്റെ പകുതി കീറിയെടുത്ത് പേരെഴുതി ഒപ്പിട്ടു കൊടുത്താൽ ചെക്ക് ബുക്ക് ലഭിക്കും.

ചെക്ക് ബുക്ക് നൽകുന്ന കൗണ്ടറിൽ പലയിടങ്ങളിലായി ഒരു പുരുഷസൂപ്രണ്ടും രണ്ടുമൂന്നു സ്ത്രീകളും ഇരുപ്പുണ്ട്. സ്ത്രീകൾ ഗുമസ്തകളോ അസിസ്റ്റൻറ്കളോ ആകാം

മുൻകാലങ്ങളിൽ ചെക് ബുക്കിനുള്ള അപേക്ഷ ഈ സ്ത്രീകളിൽ ആരെയെങ്കിലും ഏല്ലിക്കുകയായിരുന്നു പതിവ്. അവർ സന്തോഷത്തോടെ സ്വീകരിക്കുകയും ചെക്ക് ബുക്ക് എഴുതി സൂപ്രണ്ടിൻ്റെ അനുമതി വാങ്ങി ഇഷ്യുരജിസ്റ്ററിൽ ഒപ്പിടുവിച്ചു തരുകയും ചെയ്തിരുന്നു.

എന്നാൽ ഇക്കുറി അവർ അപേക്ഷ വാങ്ങാൻ കൂട്ടാക്കിയില്ല. സർ/ മാഡം സംബോധന പടിക്കു പുറത്താക്കിയിരിക്കുന്നതു കൊണ്ടാവും  ഇവർ എന്റെ അപേക്ഷ സ്വീകരിക്കാഞ്ഞത് എന്ന് ഞാൻ കരുതി. പക്ഷേ സംഗതി അതല്ല എന്ന് പെട്ടെന്ന് മനസ്സിലായി

 "മാഡം, എന്നു വിളിച്ചതിൽ യാതൊരുവിധ അനൗചിത്യവും അവർ കണ്ടില്ല.

" ചെക്കിനുള്ള അപേക്ഷയാണോ, സൂപ്രണ്ടിനു കൊടുക്കു " അത്ര മയത്തിലല്ല എന്ന് തോന്നുമാറ്  ഒരു മാഡം എന്നോടു പറഞ്ഞു.

മുമ്പൊക്കെ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ ചോദിച്ചില്ല. കാരണം കുറെ നാളായി  യോഗ പരിശീലിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ.  വാർദ്ധക്യ കാലത്തെ പലവിധ പരീക്ഷണങ്ങളിൽ ഒന്ന്. സംയമനം യോഗയിൽ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട് എന്നു ഞാൻ മനസ്സിലാക്കിയിരുന്നു!

സൂപ്രണ്ടിനു മുന്നിൽ ഒരു പടയ്ക്കുള്ള ക്യൂവുണ്ട്. ജോലി ഡെലിഗേറ്റ് ചെയ്ത് കൊടുക്കാത്തതിനാൽ, അല്ലെങ്കിൽ ഡലിഗേറ്റ് ചെയ്ത ജോലികൾ തിരികെ എടുത്തതിനാൽ എല്ലാം സൂപ്രണ്ട് ഒറ്റയ്ക്കാണ് നോക്കുന്നത്. ടോട്ടൽ പെർഫക്ഷൻ ആണ് ഉദ്ദേശ്യം. പണ്ട് എന്തൊക്കെയോ പിഴവുകൾ സംഭവിരിക്കാം, അത് ഇല്ലാതാക്കാനുള്ള ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹം നടത്തുന്നത് എന്ന് എനിക്ക് തോന്നി. 

കടംകേറി മുടിഞ്ഞിരിക്കുന്ന ഖജനാവിൽ നിന്ന്  ആര് എന്ത് കഴത്തിക്കൊണ്ടുപോകാനാണ് ഇത്ര പെർഫെക്ഷൻ എന്ന സംശയവും കൂട്ടത്തിൽ എനിക്കുണ്ടായി.

എൻ്റെ ടേൺ എത്തിയപ്പോൾ പഴയ ചെക്ക് ബുക്കിൽ നിന്ന് മുറിച്ചെടുത്ത അപേക്ഷ സൂപ്രണ്ടിന് നേരെ നീട്ടി. വെള്ളഴുത്തിൻറെ തുടക്കമാണോ എന്നറിയില്ല അപേക്ഷയിൽ നോക്കിയ ശേഷം അതു പെട്ടെന്നു മടക്കി തന്നു കൊണ്ട് പറഞ്ഞു: 
"മര്യാദയ്ക്ക് പേരെഴുതു "
 
ശരിയാണ് എൻറെ ഭാഗത്തും തെറ്റുണ്ട്. അപേക്ഷയിലെ പ്രിൻ്റ് തീരെ ചെറുതായിരുന്നു അതിനാൽ ഞാൻ പേര് ചെറുതായാണ്  എഴുതിയിരുന്നത്.

മര്യാദക്ക് പേര് എഴുതാൻ പറഞ്ഞാൽ അതിനർത്ഥം എഴുത്തിൽ ഞാൻ മര്യാദ കേട് കാട്ടി എന്നാണല്ലോ? . ജോലി ചെയ്തിരുന്ന കാലത്ത് എഴുത്തിന്റെ കാര്യത്തിൽ പലരെയും മര്യാദ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഞാൻ തിരികെ ഒന്നും ചോദിക്കാൻ പോയില്ല, കാരണം ഞാൻ പരിശീലിക്കുന്ന സംയമനം എന്നെ അതിന് അനുവദിച്ചില്ല.

നാം എത്ര പുരോഗമിച്ചാലും നമ്മുടെ അല്ലെങ്കിൽ നമ്മുടെ സർക്കാർ സ്ഥാപനങ്ങളിലെ ചിലശീലങ്ങൾ മാറാൻ പോകുന്നില്ല.  അല്ലെങ്കിൽ പെൻഷൻ വാങ്ങാൻ നിലക്കുന്ന റിട്ടയേർഡ്  മജിസ്ട്രേറ്റിനെ വരെ ടോക്കൺ നമ്പരിനു പകരം  അഞ്ചാം ക്ലാസ് ടീച്ചർ വിളിക്കുന്നത് പോലെ
"പ്രഫുല്ല കൃഷ്ണൻ " എന്നു പെരെടുത്തു വിളിക്കുമോ?

ചെക്ക് ബുക്കുമായി ഞാൻ കൗണ്ടർ വിട്ടതിനൊപ്പം  സൂപ്രണ്ട് സ്വന്തം സീറ്റിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്കു പോയി. പെൻഷൻ പട അപ്പോഴും അവിടെ ഉണ്ട്. അദ്ദേഹം എപ്പോൾ തിരികെ എത്തിയെന്നോ പെൻഷൻ കാർ എപ്പോൾ പിരിഞ്ഞു പോയെന്നോ എന്നത് എൻറെ കൺസേൺ  അല്ലാത്തതുകൊണ്ട്  അതെക്കുറിച്ച് പിന്നീട് അന്വേഷിച്ചില്ല.

ട്രഷറി രഹസ്യം പുറത്ത് വിട്ടതുകൊണ്ട് എൻറെ അടുത്ത മാസത്തെ പെൻഷൻ തടഞ്ഞു വെക്കുമോ എന്നതിൽ എനിക്ക് കൺസേൺ ഉണ്ട്. തടഞ്ഞു വെയ്ക്കുകയാണെങ്കിൽ അക്കാര്യം അന്നേരം പറയാം.
.
അതെന്തായാലും നമ്മുടെ ട്രഷറി ജീവനക്കാർക്ക് ഇടയ്ക്കിടക്ക് അധ്യാപകർക്ക് കൊടുക്കുന്ന മാതിരി ഒരു റിഫ്രഷർ കോഴ്സ് നൽകുന്നത്  നന്നായിരിക്കും.  ഇത്തരം കോഴ്സുകളിൽ നല്ല ഭാഷ എങ്ങനെയാവണം എന്നതിന്റെ സെഷനും വേണം. ശ്രീമാൻ സുനിൽ പി ഇളയിടം പോലുള്ള ഭരണാനുകൂല ഭാഷാ വിദഗ്ധന്മാരെ ഇത്തരം സെഷനുകൾക്ക് പ്രയോജനപ്പെടുത്താം.

 ഭാവിയിൽ അവരും ഇതേ പോലെ  വന്ന് ക്യൂവിൽ നിൽക്കേണ്ടവരാണ് എന്ന ബോധം സൃഷ്ടിക്കാനെങ്കിലും ഇത്തരം കോഴ്സുകൾ ഉപകരിക്കും.
                                  * * *