Saturday, 9 November 2013

ഒരു നാഴി, മറുനാഴി

Photo

ഒരു നാഴിക്കകത്ത്‌ മറ്റൊരു നാഴി കേറില്ലെന്നത്‌ പ്രമാണം. ഇതേറെ ശരിയാകുന്നത്‌ കോണ്‍ഗ്രസ്‌ വക്താക്കളുടെ കാര്യം വരുമ്പോഴാണ്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ വക്താക്കളാണ്‌ രാജ്മോഹന്‍ ഉണ്ണിത്താനും പന്തളം സുധാകരനും. ചാനലുകളില്‍ കേറിയിരുന്നു പി.സി.ജോര്‍ജിനൊപ്പം പുലഭ്യം പറയുക എന്നതാണ്‌ ഇവരുടെ നിലവിലെ ചുമതല.

സിനിമ അഭിനയിച്ചും ചാനലില്‍ കേറി ആക്രോശിച്ചും ജോസ്‌ പ്രകാശ്‌, കെ.പി.ഉമ്മര്‍, ബാലന്‍ കെ.നായര്‍, നരേന്ദ്രപ്രസാദ്‌ എന്നീ പരേതരുടെ അവസ്ഥയിലാണ്‌ ഉണ്ണിത്താന്‍. ചുമ്മാ തട്ടിവിട്ട ഡയലോഗുകള്‍ കേട്ടാണ്‌ ഇവരോട്‌ ജനങ്ങള്‍ക്ക്‌ വിരോധമുണ്ടായത്‌. ഉള്ളുകൊണ്ട്‌ എല്ലാവരും നല്ല മനുഷ്യര്‍ .
മുഖ്യമന്ത്രിക്ക്‌ എതിരെ സിപിഎം സമരം തുടര്‍ന്നാല്‍ കേരളത്തില്‍ കൂത്തുപറമ്പ്‌ ആവര്‍ത്തിക്കും എന്നാണ്‌ കഴിഞ്ഞൊരു ദിവസം ഉണ്ണിത്താന്‍ പറഞ്ഞത്‌.
കൂത്തുപറമ്പ്‌ ഹീറോ എം.വി.രാഘവന്റെ ഇപ്പോഴത്തെ അവസ്ഥയാണോ ഉണ്ണിത്താന്‍ ഉദ്ദേശിച്ചതു എന്ന്‌ വ്യക്തമാക്കും മുമ്പ്‌ സകല സഖാക്കളും സ്വന്തം പാര്‍ട്ടിക്കാരും ഉണ്ണിത്താന്‌ എതിരെ തിരിഞ്ഞു. ഉണ്ണിത്താന്റെ കഴിഞ്ഞിടെയുണ്ടായ ഒരു അനുഭവം വച്ചുനോക്കിയാല്‍ മൂന്നാല്‌ ഡിവൈഎഫ്‌ഐക്കാരെ വെടിവെച്ചുകൊല്ലാനുള്ള ദ്വേഷ്യവും ചുമന്നാണ്‌ അദ്ദേഹം നടക്കുക. തന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതമാവും എന്ന വിചാരമുള്ളതുകൊണ്ടാണ്‌ തോക്കു പുറത്തെടുക്കാത്തത്‌. പകരം ഏര്‍പ്പാടെന്ന നിലയിലാണ്‌ ചാനലുകളിലെ അടച്ചിട്ട സ്റ്റുഡിയോയില്‍ കേറിയിരുന്നു കിടിലന്‍ ഡയലോഗ്‌ നടത്തുന്നത്‌. ഇതാരെങ്കിലും മുഖവിലയ്ക്കെടുക്കുന്നുണ്ടോയെന്നാണെങ്കില്‍ ഉണ്ട്‌. രാജ്മോഹന്‍ ഉണ്ണിത്താന്റെ നിലപാടു തെറ്റാണെന്നാണ്‌ മറ്റൊരു കോണ്‍ഗ്രസ്‌ വക്താവായ പന്തളം സുധാകരന്‍ പറയുന്നത്‌. ഒരു നാഴിക്കകത്ത്‌ മറ്റൊരു നാഴി കേറില്ലായെന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവെന്ത്‌ വേണം.

പാര്‍ട്ടി വക്താക്കളുടെ പ്രസ്താവന പതിവായി രണ്ടുതരത്തിലാണുള്ളത്‌. വിവാദമായാല്‍ വ്യക്തിപരം, വിവാദമാവില്ലെങ്കില്‍ പാര്‍ട്ടിപരം. ഇത്തരം വ്യക്തിപരവും പാര്‍ട്ടിപരവുമായ പ്രസ്താവനകള്‍ ഇടതടവില്ലാതെ തട്ടിവിടുന്ന മറ്റൊരാളാണ്‌ കേരളാ കോണ്‍ഗ്രസ്‌ -മാണിയിലെ പി.സി.ജോര്‍ജ്‌. ജോര്‍ജ്‌ പറയുന്നതില്‍ ഏതാണ്‌ വ്യക്തിപരം, ഏതാണ്‌ പാര്‍ട്ടിപരം എന്നറിയാന്‍ മാണിയുടെ മുഖത്ത്‌ നോക്കണം. മാണിയുടെ രണ്ടിഞ്ചു മേല്‍മീശ കീഴോട്ട്‌ വളഞ്ഞിരുന്നാല്‍ ജോര്‍ജ്‌ പറയുന്നത്‌ വ്യക്തിപരം, മേലോട്ടെങ്കില്‍ പാര്‍ട്ടിപരം. ജോര്‍ജ്ജിന്റെതായി പ്രസ്താവന ഇടതടവില്ലാതെ ഇറങ്ങുന്നതിനാല്‍ മാണിയുടെ മേല്‍മീശ വളരെ വേഗത്തിലാണ്‌ മേലോട്ടും കീഴോട്ടും വളയുന്നത്‌. ഇത്തരം ചലനങ്ങളെ ഭൗതികശാസ്ത്രത്തില്‍ സിമ്പിള്‍ ഹാര്‍മോണിക്‌ മോഷന്‍ എന്നാണ്‌ വിളിക്കുക.
വാര്‍ത്താചാനലുകളല്‍ കേറിയിരുന്ന്‌ സമനില വിട്ടമട്ടില്‍ വക്താക്കള്‍ വാക്കുകള്‍ വക്രീകരിക്കുന്നതുകൊണ്ടാണ്‌ സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഒരു തൃക്കൊടിത്താനത്തുകാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്‌. തൃക്കൊടിത്താനത്തെ നമിക്കാന്‍ രാമന്‍നായര്‍ക്കും തോന്നുന്നു. കാരണം വളരെ നിരുത്തരവാദപരവും വാസ്തവവിരുദ്ധവുമാണ്‌ ഒട്ടുമിക്ക ചാനലുകളും സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ തമ്മിലടിക്കാന്‍ വിഷയം കുറയുമ്പോള്‍, പൊടുന്നനേ ചിലത്‌ വീണു കിട്ടും. അക്കൂട്ടത്തില്‍ ഒന്നാണ്‌ കണ്ണൂര്‍ സംഭവം. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത്‌ ഐ കോണ്‍ഗ്രസാണ്‌, സഖാക്കളാണ്‌, ഗുണ്ടകളാണ്‌, തിരുവഞ്ചൂരിന്റെ പോലീസാണ്‌ എന്നിങ്ങനെ പോകുന്നു തര്‍ക്കം എങ്കിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ അത്രയും മാനസിക പാപ്പരത്തം കണ്ണൂര്‍ കോണ്‍ഗ്രസിനില്ല. മധ്യപ്രദേശിലെ സകലമാന താമരക്കുളങ്ങളും ഇലക്ഷന്‍ കഴിയുന്നതുവരെ മൂടിയിടണമെന്നതാണ്‌ അവിടത്തെകോണ്‍ഗ്രസിന്റെ ഡിമാന്റ്‌. കൈപ്പത്തി എന്തുചെയ്യണമെന്ന്‌ അവര്‍ പറഞ്ഞിട്ടില്ല.

കെ.എ.സോളമന്‍ ,
 Janmabhumi Daily 10-11-13

No comments:

Post a Comment