Saturday, 27 April 2013

എന്തിനാണ് ഈ എസ് എസ് എല്‍ സി ? - കെ എ സോളമന്‍


Photo: Malayalam    Kerala

                              
ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയ 94.17 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടി. അര്‍ഹത നേടിയെന്നെ പറയാവൂ, ജയിച്ചെന്നു പറഞ്ഞുകൂടാ, ജയിച്ചെന്നു പറഞ്ഞാല്‍ എഴുത്തും വയനയും അറിയേണ്ടേ ആവശ്യം വരും, പക്ഷേ അതില്ല . മാത്രമല്ല  ജയവും തോല്‍വിയും ആപേക്ഷികമെന്ന ഒരു കാരണവുമുണ്ട്. പണ്ട് കാലങ്ങളില്‍ പത്തു പ്രാവശ്യമെഴുതി തോറ്റവന്‍ എം എല്‍ എ യും മന്ത്രിയുമായിട്ടുണ്ട്. ഇപ്പോ കൂട്ടജയമായത് കൊണ്ട് എം എ ഇല്ലാത്തവന്‍ മന്ത്രിമാരില്‍ പോലുമില്ല.

ഇത്തവണ എസ് എസ് എല്‍ സി ക്കു റിക്കോഡ്‌ വിജയശതമാനമെന്നാണ് വിദ്യാഭ്യാസ മന്ത്രി റിസല്‍റ്റ് പ്രസിദ്ധീകരിച്ചു കൊണ്ടുപ്രഖ്യാപിച്ചത്. തന്റെ ഭരണ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം ഭൂരിപക്ഷ- ന്യൂനപക്ഷങ്ങളെ  സുഖിപ്പിക്കണമെന്ന ഉദ്ദേശ്യംകൂടിഉണ്ട്. എന്നാല്‍ ഭൂരിപക്ഷ സമുദായ നേതാക്കള്‍ ഇത് അംഗീകരിച്ച് കൊടുക്കുന്ന ലക്ഷണമില്ല. ന്യൂനപക്ഷ മന്ത്രിമാര്‍ ഭൂരിപക്ഷത്തെ ഭരിക്കുന്ന അവഹേളനപരമായ നടപടിയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പെരുന്നയിലെ നായരീഴവ സംഗമ സ്ഥാനത്തു നിന്നു പ്രഖ്യാപനമുണ്ടായി. യഥാര്‍ത്ഥ ഭൂരിപക്ഷ മന്ത്രിയായി ഒരാള്‍ മാത്രമാണു ഉണ്ടായിരുന്നത്. ഭാര്യാ പീഡനത്തില്‍ കുറ്റാരോപിതനായി അദ്ദേഹം സ്വയം രാജി വെച്ചൊഴിഞെങ്കിലും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കണമെന്ന് സമുദായ നേതാവ്. അതോടെ കീഴൂട് ബാലന്‍ പിള്ളയുടെ ഇരുമ്പ് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു.

ഇത്തവണ ഓള്‍പ്രൊമോഷന്‍ കിട്ടിയവര്‍ക്കായി രണ്ടു വര്ഷം കഴിയുമ്പോള്‍ ഒരു കൂട്ടക്കുരുതിയുണ്ട്,എന്‍ട്രന്‍സ് പരീക്ഷയെന്നാണ് അതിന്റെ പേര്. എസ് എസ് എല്‍ സിയും പ്ലസ് ടു വും പഠിച്ചു ജയിച്ചു ആഹ്ലാദിച്ചു വരുന്നവരുടെ പിടലി ഒടിക്കുന്നത് എണ്ട്രന്‍സിന്നാണ്.  എസ് എസ് എല്‍ സി ക്കു 94 വിജയ ശതമാനം നല്‍കുന്നവര്‍ എന്‍റ്റന്‍സിന് ഉയര്‍ന്നവിജയ ശതമാനം ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ല. എന്‍റ്റന്‍സ് പരീക്ഷയുടെ വിജയ ശതമാനം ഭരണ നിപുണതയുടെ ഭാഗമല്ല. എന്‍റ്റന്‍സ് ശതമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗിനോ വകുപ്പ് മന്ത്രിക്കോ പ്രത്യേക  താല്പര്യമില്ല.

കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാനാണ് ഉയര്ന്ന വിജയശതമാനം. ഇങ്ങനെ മാനസിക സംഘര്‍ഷം കുറച്ചതിന്റെ ചെറിയ ഉദാഹരണമാണ് കേരള സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ഒരു സപ്പ്ലിമെന്‍ററി പരീക്ഷയില്‍ കണ്ടത്.  . അഞ്ചു വര്ഷം മുമ്പ് നടന്ന എസ് എസ് എല്‍ സിക്ക് ഓള്‍ പ്രൊമോഷന്‍  ശേഷം  ഉപരിപഠനത്തിന് അര്‍ഹത നേടിയ 78 കുട്ടികള്‍ ഈയിടെ  ബി എസ് സി ഫിസിക്സ് സപ്പ്ലിമെന്‍ററി പരീക്ഷ എഴുതുകയുണ്ടായി. ആകെ 8 പേരാണ് വിജയിച്ചത്. വിജയശതമാനം വെറും 10.  ഇവര്‍ക്കാര്‍ക്കും മാനസിക സംഘര്‍ഷം ഇല്ലെന്നു തന്നെ പറയാം? പണ്ടായിരുന്നെങ്കില്‍ സപ്ലിമെന്‍ററി പരീക്ഷ എഴുതുന്ന മുഴവന്‍ പേരും വിജയിക്കുമായിരുന്നു.  പത്തിലും പ്ലസ്  ടു വിനും മുഴുവന്‍ പാസ് നാല്‍കാതെ രണ്ടക്ഷരം പഠിപ്പിച്ചു വിട്ടിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അതിനൊന്നും മറുപടി പറയാന്‍ നേരമില്ല.

861 സ്‌കൂളുകള്‍ നൂറ്‌ ശതമാനം വിജയം നേടിയെന്നാണ് കണക്ക്. ഇവിടങ്ങളിലെ എത്രകുട്ടികള്‍ക്ക് നന്നായി വായിക്കാനും എഴുതാനും അറിയാം എന്നത് ആര്‍ക്കും നിശ്ചയമില്ല ഉയര്ന്ന വിജയശതമാനത്തില്‍ ഊറ്റം കൊളളുകയും  ഒന്നിന്നും കൊള്ളാത്തവരെ സൃഷ്ടിച്ചെടുക്കയും ചെയ്താലേ രാഷ്ട്രീയ കക്ഷികള്‍ക്ക് നിലനില്‍പ്പുള്ളൂ.  നിലവിലെ സ്കൂള്‍ വിദ്യാഭ്യാസം എന്നത് കഴുതകളെ സൃഷ്ടിക്കുന്ന ഏര്‍പ്പാടാണെന്നത് കഴുതകള്‍ക്ക് മനസ്സിലാകണമെന്നില്ല.

കെ പി സി സി പ്രസിഡണ്ട് രമേഷ് ചെന്നിത്തല കേരള യാത്രയില്‍ നടന്നു നടന്നു ശരീരം നേര്‍പ്പിച്ചെടുത്തു.  ഇനി കവിളുകളും ഒന്നു ഒട്ടിക്കിട്ടണം അതിനായി യാത്ര തുടരുകയാണ്. ഇതുകണ്ട് ആസൂയപ്പെട്ടു മഹാകവി ജി എസ് എസ് എല്‍ സിക്ക് 100 ശതമാനം വിജയം നേടിയ സ്കൂളുകള്‍ സന്ദര്‍ശിച്ചു അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും  അനുമോദിക്കുകയാണ്. അദ്ദേഹം ചെല്ലുംപോള് “ ആടു കിടന്ന പാട്ടില്‍ പൂട” പോലും ഇല്ലാത്ത അവസ്ഥയാണ്. ആരും സ്വീകരിക്കാനില്ല. ഒന്നു രണ്ടു കെ എസ് ടി എ നേതാക്കള്‍ ഉണ്ടാകേണ്ടതാണ്. അവധിക്കാലമായതിനാല്‍ അവരും ഹോളിഡേ ആഘോഷിക്കാന്‍ വിദേശത്താണ്.

സ്കൂളില്‍ ചെന്നപ്പോഴാണ് മഹാകവിക്ക് ഒരുകാര്യം  ബോധ്യമായത്, എല്ലാ സ്കൂളുകള്‍ക്കും 100 ശതാനം വിജയം! അതുകൊണ്ടു അനുമോദനം ഈ വിധം തുടര്‍ന്നാല്‍ അടുത്ത പരീക്ഷകഴിഞ്ഞാലും അനുമോദിച്ചു തീരില്ല. അതുകൊണ്ടു ഒരുകവിത എഴുതാമെന്നു വിചാരിച്ചു, ആരാണ് നീ ഒബാമ “ എന്ന മട്ടില്‍ “എന്തിനാണ്  ഈ എസ് എസ് എല്‍ സി?”എന്ന കവിത. . നിലവില്‍ സഹകരണ മന്ത്രി അല്ലാത്തതിനാല്‍  കണ്‍സ്യുമര്‍ ഫെഡ് വഴി കവിതയുടെ കോപ്പി വിതരണം ചെയ്യാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ഫോട്ടോസ്റ്റാറ്റ് കോപ്പി സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് എം എല്‍ എ ഓഫീസില്‍  നേരിട്ടെത്തി കൈപ്പറ്റേണ്ടതാണെന്നു അറിയിപ്പു നല്കും    

-കെ എ സോളമന്‍

No comments:

Post a Comment