Thursday, 6 September 2012

മറയില്ല മായില്ല നിന്റെ മന്ദസ്മിതം




സായന്തനത്തിലാ ചാരുകസാലയില്‍
ആലസ്യത്തോടെ ഞാന്‍ ഒന്നുമയങ്ങവേ
മന്ദഹാസത്തിന്റെ പൂത്തിരി കത്തിച്ചു
എന്തിനായ് വന്നു നീ എന്‍മനതാരിലായി

വര്‍ഷങ്ങളൊത്തിരി താനേ കൊഴിഞ്ഞിട്ടും
ഹര്‍ഷാരവംകൊണ്ടുള്ളംകുളര്‍പ്പിച്ചു
കണ്‍പാര്‍ത്തു കാതോര്‍ത്തു എന്‍ചാരെവന്നുനീ
മന്ത്രിച്ചിടുന്നിതോ തേന്‍കിനിയും മുത്തുകള്‍.

നീയെന്റെ ഗുരുനാഥന്‍, ആശംസ നേരുന്നു”
ആര്‍ജവത്തോടെ നീ ചൊല്ലിയപ്പോള്‍
അറിയാതെ ഞാനെന്റെ ചെപ്പിലൊളിപ്പിച്ച
ചെറുതാമൊരോര്‍മ്മയില്‍ കണ്‍പാര്‍ത്തുപോയ്

മുന്നിലെ ബെഞ്ചിലായ് പുഞ്ചിരി തൂകീ നീ-
ഇന്നലെയും വന്നിരുന്നപോലെ
ബാല്യകാലത്തിന്റെ കുതൂഹല ഭാവങ്ങള്‍
നേരില്‍ ഞാന്‍ കണ്ടു നിന്‍ കണ്ണുകളില്‍

സ്നേഹാതിരേകത്തിന്‍ തടാകമേ നീയെന്റെ
ചേതോഹരാംഗിയാം ശലഭമല്ലേ
മറയില്ല മായില്ല നിന്റെ മന്ദസ്മിതം
അറിയാമതെന്നും എനിക്കു നന്നായി

-കെ എ സോളമന്‍ 

2 comments:

  1. കവിത നന്നായി ..ആശംസകള്‍

    ReplyDelete
  2. ആസ്വാദനത്തിനും ആശംസകള്‍ക്കും നന്ദി
    -കെ എ സോളമന്‍

    ReplyDelete