#പുസ്തക #പ്രകാശനം - കഥ
പണ്ടുകാലങ്ങളിൽ വളരെയേറെ കഷ്ടപ്പെട്ടാണ് എഴുത്തുകാർ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരെ കിട്ടാത്തതിൻ്റെ പേരിൽ സർഗവൈദഗ്ധ്യം പരണത്തു കയറ്റിയവരാണ് കൂടുതൽ പേരും.
100 പേജുള്ള പുസ്തകത്തിൻ്റെ 500 കോപ്പി 35000 രൂപ മുടക്കി പബ്ളിഷു ചെയ്താൽ, വിറ്റു കിട്ടുന്നപണം പബ്ളിഷർ എടുക്കുന്നതല്ലാതെ അഞ്ചു പൈസ എഴുത്തുകാരന് തിരികെ കിട്ടാത്ത അവസ്ഥയാണ് എവിടെയും. ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നവർക്ക് വാങ്ങിക്കൊടുക്കുന്ന വാഴയ്ക്കാപ്പത്തിൻ്റെയും ചായയുടേയും കാശ് വേറെയും നഷ്ടം.
അതിനിടെയാണ് പുസ്തക പ്രകാശനത്തിനുമുമ്പ് കവർ പ്രകാശനം എന്ന നൂതന സാങ്കേതികവിദ്യ കണ്ടു പിടിക്കപ്പെട്ടത്. വരാനിരിക്കുന്ന ചവറ് ഗംഭീര സാധനമെന്ന നിലയിലാണ് കവർ പ്രകാശനം ചെയ്യുന്നത്.
ഒരു നോവൽ വിഷമിച്ച് ഇറക്കിയിരുന്നവർ ഇപ്പോൾ ഒരേ സമയം രണ്ടു നോവൽ വെച്ചാണ് ഇറക്കുന്നത്. ഇതിനു മാത്രം പണം ഇവർക്ക് എവിടെ നിന്നു കിട്ടുന്നു? എല്ലാം ഒരു സംതൃപ്തിക്കു വേണ്ടി.
താൻ ഒരു സംഭവമാണെന്ന് ഇതൊക്കെ വായിക്കുന്നവർ അറിയണം. അല്ലെങ്കിൽ എന്തിനാണ് 5000 രൂപ ഒരു തോട്ടപ്പള്ളി ഏജൻ്റിന് കൊടുത്ത് ഡൽഹിയിൽ പോയി ഭീംറാവു അംബദ്കർ പുരസ്കാരം വാങ്ങുന്നത്? ആദ്യം 5000 മുടക്കിയവന് അടുത്ത വർഷവും പുരസ്കാരം വേണമെങ്കിൽ 3000 കൊടുത്താൽ മതി.
ഇത്തരം ഒരു പുരസ്കാരം കയ്യിൽ കിട്ടിയവനെ ഷാൾ പുതപ്പിക്കാൻ നൂറുകണക്കിന് സാംസ്കാരിക ട്രൂപ്പുകൾ ചുറ്റുവട്ടത്ത് ഉണ്ടെന്നുതു കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്.
അംബദ്കാർ പുരസ്കാരവും കഴിഞ്ഞ് ഇപ്പോൾ ഓണററി ഡോക്ടറേറ്റിന്റെ കാലമാണ്. മുപ്പതിനായിരം രൂപയ്ക്ക് അടുത്ത് കൊടുത്താൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ഫോർമാറ്റിൽ ലഭിക്കും. യഥാർത്ഥ ഡൽഹി യൂണിവേഴ്സിറ്റി ഇത് അറിഞ്ഞിരിക്കണമെന്നില്ല.
ഇനി ഡൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് വേണ്ട പുറത്തുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി, സോക്രട്ടീസ് യൂണിവേഴ്സിറ്റി എന്നിവയുടെ ഓണററി ഡോക്ടറെറ്റാണു വേണ്ടതെങ്കിൽ അതും കിട്ടും. ചെലവ് ചെറുതായൊന്ന് വ്യത്യാസപ്പെടും.
ഡോക്ടറേറ്റ് ഡിഗ്രി പോസ്റ്റുവഴി ലഭിച്ചാൽ തന്നെ എഴുത്തുകാരനെ/എഴുത്തുകാരിയെ ഡോക്ടർ എന്ന് നാട്ടുകാരെക്കൊണ്ട് വിളിപ്പിക്കാനുള്ള ശ്രമമാണ് കഠിനം. ആരുടെയും ഉയർച്ചയിൽ പ്രത്യേകതാല്പര്യമെടുക്കാത്ത ജനം ഇക്കൂട്ടറെ ഡോക്ടർ എന്ന് വിളിക്കില്ല - തുടർന്ന് ഇത് സംബന്ധിച്ചുള്ള തർക്കവും സംഘടനവും ആണ് നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലും.
പുസ്തക പ്രകാശനചടങ്ങിൽ പുസ്തകം റിലീസു ചെയ്യുന്ന ആളും അതുസ്വീകരിക്കുന്ന ആളും ഒരുപോലെ പ്രശസ്തരാകും എന്ന വിശ്വാസവുമുണ്ട്. പുസ്തകം സ്വീകരിക്കുന്ന ആൾ പുസ്തക രചയിതാവിൻ്റെ ഭാര്യയാണങ്കിൽ അതിൻ്റെ ക്രെഡിറ്റ് പറയാനുമില്ല
വിവാഹം കഴിക്കാൻ, ആരെ തെരഞ്ഞെടുക്കണം എന്നതിന് പാച്ചു , കോവാലനോടു പറയുന്ന ഒരു ഡയലോഗുണ്ട്.
മൂന്നു യുവതികളാണുള്ളത്. ഒന്നാമത്തവൾ ടെലഫോൺ ഒപ്പറേറ്റർ, രണ്ടാമത്തേത് ബാർ ടെൻ്റർ, മൂന്നാമത്തേത് ടീച്ചർ.
" നീ 5 മിനിട്ടിൽ കൂടുതൽ എടുത്താൽ ഭാര്യ പറയും ഫൈവ് മിനിട്ട്സ് ഓവർ, ഡിസ്കണക്ട്, ഡിസ്കണക്ട് എന്ന്. നിനക്ക് അഞ്ചു മിനിറ്റ് മതിയാകുമോ. "
" നീ താമസിച്ചെത്തിയാൽ ബാർ ടെൻ്റർ പറയും , ബാർ ഈസ് ക്ലോസ്ഡ്, നോ അഡ്മിഷൻ, നോ അഡ്മിഷൻ. നിനക്ക് നേരത്തെ വീട്ടിലെത്താൻ കഴിയുമോ "
" നിൻ്റെ ഭാര്യ ടീച്ചർ ആണെങ്കിൽ നീ തെറ്റു വരുത്തിയാൻ പറയും, സാരമില്ല, തെറ്റ് ആർക്കും സംഭവിക്കാം തിരുത്തിയെഴുതു, തിരുത്തിയെഴുതു എന്ന്. അപ്പോൾ നിനക്ക് ആരെ വേണം ഭാര്യയായി?"
" എനിക്കു ടീച്ചർ മതിയേ" കോവാലൻ.
പ്രശസ്ത കാർട്ടൂണിസ്റ്റ് പി.കെ മന്ത്രിയുടെ മാനസപുത്രർ ആണു പാച്ചുവും കോവാലനും.
ഭാര്യ ടീച്ചറാണെങ്കിൽ എന്തും അനുസരിച്ചുകൊള്ളും. തെറ്റ് തിരുത്തി കൊടുക്കാൻ ഒരിക്കലും മടി കാണിക്കുകയുമില്ല
ഇവിടെ സമീപ പ്രദേശത്ത് നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങിയത് എഴുത്തുകാരൻ്റെ സ്‌കൂൾ ടീച്ചറായ ഭാര്യയാണ്. പുസ്തകവുമായി ഗ്രന്ഥകാരൻ വീട്ടിലേക്കല്ലേ ചെല്ലുന്നത് അപ്പോൾ സ്വീകരിച്ചാൽ പോരെ എന്നു ചോദിച്ചാൽ അതിനൊരു ഗുമ്മില്ല '
അധ്യാപികമാരായ ഭാര്യമാർ പാവങ്ങൾ, അവർ എന്തെല്ലാം സഹിക്കണം.
കെ. എ സോളമൻ
* * *