Friday, 24 August 2018

ഇതാണാ രേഖ! - കഥ -കെ എ സോളമൻ

തിരുമേനിയുടെ വിശ്വസ്തനാണ് അലിക്കുഞ്ഞ്, മന:സാക്ഷി സൂക്ഷിപ്പുകാരൻ.

ആ ക്രിക്കച്ചവടമാണ് തൊഴിൽ. സാമാനങ്ങൾ സൂക്ഷിക്കാൻ പീടീകകൾ ലോകമെമ്പാടും. ചൈനയിൽ പത്തെണ്ണമുണ്ട് , ജപ്പാനിൽ പുതിയ അഞ്ചെണ്ണം ഉടൻ തുടങ്ങും. സൗദിയിൽ പണ്ടേ കച്ചോടമുണ്ട്. അവിടത്തെ രാസാവുമായി നല്ല മൊഹബത്തും . അലി ദൈവത്തിന്റെ നാട്ടിലെത്തുമ്പോൾ തിരുമേനിയെ കാണാതിരിക്കില്ല.

" ഇതാര് അലിയോ? കേറി വരുക ഇങ്ങട്. ദുഫായിൽ എങ്ങനൊക്കെയുണ്ട്, ആ ക്രികളെല്ലാം ഓടുന്നുണ്ടാ?" ചാരു കസാലയിൽ കിടന്നു കൊണ്ടുതിരുമേനി ചോദിച്ചു.

അലി: " തിരുമേനിടൊക്കെ സഹായോള്ളതുകൊണ്ടു കൊഴപ്പോല്ല. ജപ്പാനിലെ കാര്യത്തിന്റെ തിരക്കിലാ"

" കൊള്ളാം, ഇബിടുത്തെ കാര്യോല്ലാമറിഞ്ഞില്ലേ. മലവെള്ളം കേറി എല്ലാം കൊളായി "

'' അറിഞ്ഞു തിരുമേനി, രാസാവു ചോദിക്കയും ചെയ്തു"

" ഏതു രാജാവ് ?"

" സൗദി രാജാവ്, പെരുത്തിഷ്ടമാ തിരുമേനിയെ, എന്തേലും വേണേൽ ചോദിച്ചാൽ മതി"

" ഉവ്വോ, എത്ര വരെ ചോദിക്കാം. 5 കോടി "

" എന്താ കഥ , അബിടെ കായ് പുളീന്റെ കുരുപോലെയല്ലേ, തിരുമേനി "

" അപ്പാ ഒരു 10 കോടി ചോദിക്കാല്ലേ?"

" 100 മില്യൺ ഡോളർ ചോദിക്കാം തിരുമേനി "

" അത് എത്ര ഉറുപ്പിക വരും അലി?"

" ഒരു ഡോളർ 70 ഉറുപ്പിക വരും തിരുമേനി, മില്യൺ എന്നു വെച്ചാൽ 10 ലക്ഷം. അപ്പോ ആകെ 70000 ലക്ഷം ഉറുപ്പിക, 700 കോടി. 700 കോടിയിൽ ഉറപ്പിക്കട്ടെ തിരുമേനി? "

" കിട്ടുമോ? എന്നാ പിന്നെ ഒറപ്പിച്ചോളിൻ. ഇവിടെ ഒന്നും കിട്ടീല്ലെന്നും പറഞ്ഞു കുറെയെണ്ണം ഇരുപ്പുണ്ട്. എല്ലാറ്റിനും കൊടുത്തേക്കാം"

" ഞാൻ ഏറ്റു തിരുമേനി. ചാനൽ കാരോടു പറഞ്ഞോളൂ"

തിരുമേനി പ്രസ്താവന ഇറക്കിയതോടെ നാട്ടിൽ എമ്പാടും തല്ലു പിടുത്തം ആരംഭിച്ചു. തിരുമേനിക്ക് നേരിട്ടു പണം വാങ്ങാൻ റൈറ്റില്ലെന്നു ഒരു കൂട്ടർ. ഉണ്ടെന്നു മറ്റൊരു കൂട്ടർ. സൗദി രാജാവിനും പൊറുതിമുട്ടി .  സൗദി അംബാസഡർ ഇടപാട് നിഷേധിക്കയും ചെയ്തതോടെ തിരുമേനി വല്ലുണ്ടുവെട്ടിലുമായി.

തിരുമേനി അലിയെ വിളിച്ചു.
" രേഖ കിട്ടുമോ അലി, 700 കോടിയുടെ "

അലി: " എന്തുരേഖ തിരുമേനി?  എന്റെ വാടസ് ആപ് ആദ്യംതിരുമേനി നോക്ക്. ചാനൽകാർ രേഖ ചോദിക്കുമ്പോൾ പടത്തിൽ കാണുന്നതുപോലെ വലതു കൈ മേലോട്ടു പൊക്കണം.  എന്നിട്ടിങ്ങനെ പറയണം
" ഇതാണാ രേഖ, അതോടെ ശുഭം "

                      * * * * * *

Thursday, 9 August 2018

ശമനം - കഥ

"ടീ, കുറത്തീ. . . "

" ദേ പറഞ്ഞേക്കാം, വേല വേണ്ട. തിരുമേനിക്ക് എന്തിന്റ സുക്കേടാ, എനിക്കൊരു പേരൊണ്ട്, കല്യാണി, അങ്ങന വിളിച്ചാ മതി"

രാമൻ നായർ " പോട്ട കല്യാണി, തമാശിച്ചതല്ലേ, അതുപോട്ട്, ഇപ്പഴും പഴയതുപോലക്കത്തന്നയാ?"

കല്യാണി: എന്തോന്ന്?

"അല്ല, വിഷമം തോന്നുമ്പോൾ കുറേ കക്ക വാരിട്ടങ്ങു നീറ്റുന്ന പണി.  അതിന്റെ ആവീം ചൂടും പൊകേംഏല്ക്കുമ്പോൾ അമ്മിണി ഉമ്മിണി വിഷമമൊക്കെ തീരുമെന്ന് നീ പറഞ്ഞതേ "

"അതൊക്കെ വിട്ടു തിരുമേനി. നീറ്റാനിപ്പോ കായലിൽ എവിടാ കക്കാ? ഹൗസ് ബോട്ടുകാരെല്ലാം ചേർന്നു ഒള്ള മണ്ണണ്ണേം ഡീസലുമൊക്കെ  കലക്കിയതിപ്പിന്നെ കായലിൽ  കക്കേയില്ല, മീനുമില്ല"

" അപ്പോ, എന്താണൊരുവഴി?"

"വഴിയെന്നതാണെന്നു ചോദിച്ചാൽ തൊഴിലുറപ്പിനു പോകും. അല്ലറ ചില്ലറ പണിയൊക്കെ ചെയ്തു രണ്ടറ്റവും മുട്ടിക്കും "

" അതല്ല കല്യാണി, വിഷമം മാറ്റാൻ?"

" അതോ, തിരുമേനിക്ക് അതും ഞാൻ പറഞ്ഞു തരണം ല്ലേ? പുതിയ പുസ്തകത്തിന്റെ രണ്ടു താളു വായിക്കും. എന്നിട്ട് അതു കീറി അടുപ്പിൽ തീ പിടിപ്പിക്കും. അതിന്റെ പുക കൊള്ളുമ്പോൾ വല്ലാത്തൊരുശമനം"

" ഏതു പുസ്തകം?"

" മീശ "
                 -- - - - - - - -
- കെ എ സോളമൻ